കുടുംബത്തിന് വേണ്ടിയുള്ള പ്രാർത്ഥന
പ്രാർത്ഥന
(കുടുംബത്തോടൊപ്പം പ്രാർത്ഥിക്കാം)
നന്മ സ്വരൂപിയും കരുണാനിധിയുമായ ദൈവമേ ഞങ്ങളുടെ ഭവനത്തെയും കുടുംബത്തെയും ഞങ്ങൾക്കുള്ള സകലത്തെയും അങ്ങയുടെ ശക്തമായ സംരക്ഷണത്തിനായി ഭരമേൽപ്പിക്കുന്നു. നസ്രത്തിലെ തിരുകുടുംബത്തെ അങ്ങ് അനുഗ്രഹിച്ചതുപോലെ ഞങ്ങളെയും അനുഗ്രഹിക്കണമേ.
ഞങ്ങളുടെ രക്ഷകനായ ഈശോയേ, അങ്ങ് ഞങ്ങളെ രക്ഷിക്കുവാൻ വേണ്ടി മനുഷ്യാവതാരം ചെയൂവാൻ തിരുമനസ്സായ സ്നേഹത്തെക്കുറിച്ചും കുരിശിൽ കിടന്നു ഞങ്ങൾക്ക് വേണ്ടി മരിക്കുവാൻ തിരുച്ചിത്തമായ കരുണയെക്കുറിച്ചും ഞങ്ങളുടെ ഭവനത്തെയും കുടുംബത്തെയും ഇതിലെ അംഗങ്ങളേയും ആശീർവ്വദിക്കണമെന്ന് താഴ്മയായി അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. എല്ലാ തിന്മയിൽ നിന്നും ദുഷ്ടമനുഷ്യരുടെ തിന്മയിൽ വഞ്ചനയിൽ നിന്നും ഞങ്ങളെ രക്ഷികണമേ.
മഞ്ഞു, തീയ്, വെള്ളപ്പൊക്കം മുതലായ പ്രകൃതിക്ഷോഭങ്ങളിൽ നിന്നു ഞങ്ങളെ കാത്തുകൊള്ളണമേ. അങ്ങയുടെ കോപത്തിൽ നിന്നും ഞങ്ങളെ വിമുക്തരാക്കകണമേ. പകയിൽ നിന്നും ശത്രുക്കളുടെ ദുരുദ്ദേശങ്ങളിൽനിന്നും പഞ്ഞം, പട, വസന്ത മുതലായവയിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.
ഞങ്ങളിലാരും തന്നെ വിശുദ്ധ കൂദാശകൾ സ്വീകരിക്കാതെ മരിക്കുന്നതിന് ഇടവരുത്തരുതേ. ഞങ്ങളെ വിശുദ്ധീകരിക്കുന്ന വിശ്വാസം തുറന്നു സമ്മതിക്കുന്നതിനും, വേദനകളിലും ക്ലേശങ്ങളിലും ഞങ്ങളുടെ ശരണം ഇളകാതിരിക്കുന്നതിനും അങ്ങനെ അങ്ങയെ കൂടുതൽ സ്നേഹിക്കുന്നതിനും മറ്റുളവരോടു സ്നേഹപൂർവ്വം വർത്തിക്കുന്നതിനും നീ ഇടയാക്കണമേ. ഓ ഈശോയേ ഞങ്ങളെ അനുഗ്രഹിക്കണമേ, രക്ഷിക്കണമേ.
വരപ്രസാധത്തിന്റെയും കരുണയുടെയും മാതാവായ മറിയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ. ദുഷ്ടാരൂപിയിൽ നിന്നു ഞങ്ങളെ കാത്തുകൊള്ളണമേ, കണ്ണുനീരിന്റെ ഈ താഴ്വരയില്‍ക്കൂടി ഞങ്ങളുടെ കരങ്ങൾ പിടിച്ചു നീ നടത്തണമേ, നിന്റെ ദിവ്യപുത്രനുമായി രമ്യപ്പെടുത്തണമേ. അങ്ങയുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ ഞങ്ങളെ അങ്ങേക്ക് സമർപ്പിക്കണമേ.
ഞങ്ങളുടെ രക്ഷകന്റെ വളർത്തു പിതാവും പരിശുദ്ധ കന്യാമറിയത്തിന്റെ സംരക്ഷകനും തിരുക്കുടുംബത്തിന്റെ തലവനുമായ മാർ യൌസേപ്പ് പിതാവേ, ഞങ്ങൾക്കുവേണ്ടി മാദ്ധ്യസ്ഥം വഹിക്കണമേ. സർവ്വദാ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യണമേ.
വിശുദ്ധ മാലാഖമാരെ
വി.മിഖായാലേ, പിശാചിന്റെ സകല കെണികളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.
വി.ഗബ്രിയേലെ, ദൈവത്തിരുച്ചിത്തം ഞങ്ങൾക്ക് മനസ്സിലാക്കി തരണമേ.
വി.റഫായേലെ, ഞങ്ങളെ രോഗങ്ങളിൽ നിന്നും ജീവിതപായങ്ങളിൽ നിന്നും കാത്തുകൊള്ളണമേ.
ഞങ്ങളുടെ കാവൽ മാലാഖമാരെ, ഞങ്ങളെ രക്ഷയുടെ വഴിയില്‍ക്കൂടി എപ്പോഴും നടത്തിക്കൊള്ളണമെ. വിശുദ്ധ മദ്ധ്യസ്ഥരെ ദിവ്യ തിരു സിംഹാസനത്തിന്റെ മുമ്പില്‍ നിന്നുകൊണ്ടു ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
ദൈവം തന്റെ പരിശുദ്ധ ത്രിത്വത്തിൽ
ഞങ്ങളുടെ സൃഷ്ടാവായ ബാവാ തംബുരാനെ, കുരിശിൽ കിടന്നുകൊണ്ടു ഞങ്ങൾക്കായി ത്യാഗബലിയർപ്പിച്ച പുത്രൻ തമ്പുരാനേ, മാമോദീസാ വഴിയായി ഞങ്ങളെ വിശുദ്ധീകരിച്ച റൂഹ തംബുരാനെ, ഈ ഭവനത്തെ അനുഗ്രഹിക്കണമേ.
ദൈവം തന്റെ പരിശുദ്ധ ത്രിത്വത്തില്‍ ഞങ്ങളുടെ ശരീരങ്ങളെ രക്ഷിക്കുകയും ആത്മാക്കളെ ശുദ്ധീകരിക്കുകയും മനസ്സിനെ നയിക്കുകയും ഞങ്ങളെ നിത്യജീവിതത്തിലേക്ക് ആനയിക്കുകയും ചെയ്യുമാറാകട്ടെ.
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി, ആദിമുതല്‍ എന്നേക്കും ആമ്മേന്‍.